2008, നവംബർ 16, ഞായറാഴ്‌ച


പറഞ്ഞു പറഞ്ഞവര്‍ മതിലുകള്‍ സൃഷ്ടിക്കുന്നു / കലീം)

ഇസ്ലാമും മുസ്ലിംസംസ്കാരവും എന്നേയുപേക്ഷിച്ച് ആധുനികതയുടെ അല്‍പ്പവസ്ത്രധാരിണിയായി മാറിയ ഒരു മലയാളി പത്രപ്രവര്‍ത്തക ഒരിക്കല്‍ കേരളം വിടുമ്പോള്‍ പേരുകൊണ്ടു നേരിടുന്ന പ്രയാസങ്ങളെപ്പറ്റി ദുഃഖിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ അവരുടെ പൂര്‍വമതം നല്‍കിയ പേരുമൂലം തന്നെ അവര്‍ ഭീതിയുടെ ഇരുള്‍മൂടിയ ഇടനാഴികകളില്‍ ഏതു ശബ്ദവും പോലിസ് ബൂട്ടിന്റെ മുഴക്കമാണോ എന്നു സംശയിച്ചുനിന്നുവത്രെ. പിറന്നുവീണ സംസ്കാരത്തിന്റെ അവസാനത്തെ ശീലുപോലും മറക്കാന്‍ ശ്രമിച്ചുകൊണ്ടു കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുമ്പോഴവര്‍ മുസ്ലിംതീവ്രവാദത്തിന്റെ ചെറുലാഞ്ഛനകള്‍ പോലും കണ്ടുപിടിക്കാന്‍ പ്രതിജ്ഞയെടുത്തിരുന്നുവത്രെ! മുസ്ലിംകള്‍ക്കു ചുറ്റും മതിലുകള്‍ ഉയര്‍ന്നുവരുകയും പതുക്കെ അവരുടെ ചക്രവാളം ഇരുള്‍ മാത്രമാവുകയും ചെയ്യുന്നതിന്റെ ലക്ഷണമാണോ ഇത്? അതോ സ്വത്വത്തില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന മുന്നറിയിപ്പോ. 'മുസ്ലിം' എന്ന കവിതയെഴുതുമ്പോള്‍ സച്ചിതാനന്ദന്‍ പരോക്ഷമായി ഈ സന്ദേശമാണോ നല്‍കുന്നത്. കുഞ്ഞാലിയും മോയിന്‍കുട്ടിയും അബ്ദുറഹ്മാനും പൂക്കോയയും അബ്ദുല്‍ഖാദറും വെറുമൊരു ചെസ്റ്നമ്പറായിത്തീരുന്നതിന്റെ ഒരുക്കങ്ങളാണോ അണിയറയില്‍ നടക്കുന്നത്.
പിരനോയിയ അല്ലാതിരിക്കാം. പക്ഷേ, ഭയം തണുത്ത ഭീമന്‍ ഒച്ചിനെപ്പോലെ മുസ്ലിംമനസ്സില്‍ വളരുകയാണ്. അയണസ്കോയുടെ ഒരു നാടകത്തില്‍ ശവശരീരം അരങ്ങില്‍ വളരുന്നുണ്ട്. അതു ഫാഷിസമായിരുന്നു. ഇതു ഫാഷിസം സൃഷ്ടിക്കുന്ന ഭയമാണ്. സുരക്ഷയെന്നതു പേരിന്റെ പേരിലുള്ള ഒരു വികാരം മാത്രമാവുന്നു. തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ മൃദുഭാഷിയായിട്ടുകൂടി സഹയാത്രികന്‍ കശ്മീരിയായതിനാല്‍ ഉറക്കം വരാത്ത നല്ല മനുഷ്യരെപ്പറ്റി കെ.ഇ.എന്‍. എഴുതുന്നുണ്ട്. നല്ല മനുഷ്യര്‍ തന്നെയാണവര്‍. അവരുടെ പ്രധാന ആകുലത മുസ്ലിമാവുന്നുവെങ്കില്‍ അതിന് ഉത്തരേന്ത്യയില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ മാത്രമായിരിക്കില്ല കാരണം. ഒരു കാലത്തു സിഖുക്കാരെ കാണുമ്പോഴായിരുന്നു നമുക്കു ഭയം. ഭിന്ദ്രന്‍വാലയുടെ കോലം കെ.എസ്.യുക്കാര്‍ മാത്രമല്ല, എസ്.എഫ്.ഐക്കാരും മുദ്രാവാക്യം മുഴക്കി ചുട്ടുചാമ്പലാക്കിയിട്ടുണ്ട്. 
ഡല്‍ഹിയില്‍ നാലായിരത്തിലധികം സിഖുകാരെ വമ്പിച്ച കാര്യക്ഷമതയോടെയാണ് 'ഹിന്ദുക്കള്‍' വെട്ടിയും കുത്തിയും തീയിട്ടും കൊന്നത്. അക്കാലത്തു വരുന്ന സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗ്രനേഡിന് സര്‍ദാര്‍ജിയുടെ മുഖമാണുണ്ടായിരുന്നത്. ഡാനിഷ് പത്രങ്ങള്‍ അതു കണ്ടായിരിക്കും പ്രവാചകനു ബോംബിന്റെ തലപ്പാവു കൊടുത്തത്; ചിന്തയുടെ അദ്ഭുതകരമായ ഐക്യം.
ശബാനാ ആസ്മി തനിക്കു മുംബൈയിലെ ആഡംബര വാസസ്ഥലങ്ങളില്‍ വീടു കിട്ടാത്തതില്‍ പരിതപിക്കുന്നു. അവര്‍ക്കു സമ്പന്നരും ഇടത്തരക്കാരും താമസിക്കുന്നിടത്തു വീടു കിട്ടില്ല. അവിടെയാണു പരമതവിരോധം വളരുന്നത്. ഒരു കാര്യവുമില്ലാത്ത കവാത്തു നടത്തുന്ന കളിമൈതാനങ്ങളില്‍ മാത്രമല്ല ഫാഷിസം വേരെടുക്കുന്നത്. വാതാനുകൂലമാക്കിയ സ്വീകരണമുറികളില്‍, ശയനഗൃഹങ്ങളില്‍ അത് ഇതിഹാസമായി, ടെലിമാര്‍ക്കറ്റിങായി, വാര്‍ത്തയായി, കവര്‍സ്റോറിയായി നേര്‍ക്കുനേരെ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉപബോധമനസ്സില്‍ അതു വേരു താഴ്ത്തുന്നത് എല്ലാ വേരു പോലെയും പതുക്കെയാണ്. അതിനു പറ്റിയ വിധം ആരോരുമറിയാതെ മനസ്സില്‍ മുദ്രണം ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് അവിരാമം, അനുസ്യൂതം വന്നുകൊണ്ടിരിക്കുന്നത്. മാര്‍ഷല്‍ മക്ലുയന്‍ മാധ്യമം തന്നെയാണ് സന്ദേശം എന്നു പറഞ്ഞത് ഇതുകൊണ്ടു തന്നെയാവണം. ആഗോളഗ്രാമം നിര്‍മിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ അകലെയാവുന്നു. നവലിബറല്‍ വികസനത്തിന്റെ വലിയ മതിലുള്ള, കോട്ടമതിലുള്ള സമൂഹങ്ങളില്‍ വംശമഹിമ നോക്കിയാണ് പ്രവേശനം. അയ്യങ്കാര്‍ക്കു വേറെ, ക്ഷത്രിയനു വേറെ, ഗൌഡസാരസ്വതനു വേറെ. അവര്‍ പച്ചക്കറി മാത്രമേ കഴിക്കൂ. വായിക്കുന്നത് അമര്‍ചിത്രകഥ.
93ല്‍ മുംബൈയില്‍ ശിവസേനയും ആര്‍.എസ്.എസും മനുഷ്യരെ താടിയും തൊപ്പിയും നോക്കി കൊന്നുകൊണ്ടിരുന്നപ്പോള്‍ അലീക്ക് പദംസീ എന്ന പരസ്യലോകത്തെ മഹാരഥന്‍ സ്വീകരണമുറിയിലെ സോഫയ്ക്കടിയില്‍ ഒരു ഇരുമ്പുപൈപ്പ് വച്ചിരുന്നുവത്രെ. ഒരു സമാധാനത്തിന്. പെട്രോളൊഴിച്ചു ദഹനത്തിനു വരുന്ന പച്ചക്കറി തിന്നുന്നവരെ ഭയപ്പെടുത്തുന്നതല്ല ഇരുമ്പുപൈപ്പ്. എന്നാലും ഒരാശ്വാസം. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രഭാപൂരിതമായ വിരുന്നുകളില്‍ പല മതക്കാരുമായി ഇടപഴകുകയും ഉയര്‍ന്ന കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന പദംസീക്ക് ഭയം ഒരു വികാരമായി വളരാന്‍ കാരണമുണ്ടായിരുന്നില്ല. എന്നാല്‍ മഹാനഗരം അതു നിര്‍മിച്ചുകൊടുത്തു. 'പര്‍സാനിയ'യില്‍ അടുത്ത സുഹൃത്തായ മുഖ്യകഥാപാത്രത്തിന്റെ ഭാര്യക്കും മകള്‍ക്കും അഭയം കൊടുക്കാന്‍ മടിക്കുന്ന കോളജ് പ്രഫസര്‍ക്കും ഭയം നിര്‍മിച്ചു നല്‍കിയതാണ്.
കേരളത്തിലും ഭയം നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ ഓവര്‍ടൈം പണിയെടുക്കുന്നു, മിക്ക ചാനലുകളും പത്രങ്ങളും. പത്രപ്രവര്‍ത്തനം വെറും കച്ചവടമാണെന്നു കരുതുന്ന മംഗളം പോലും ചെയ്യുന്നത് ഒരേ പ്രവൃത്തി. കശ്മീരില്‍ നാലുപേര്‍ കൊല്ലപ്പെട്ട സാഹചര്യം എന്തെന്ന് ഇനിയുമാരും വ്യക്തമാക്കിയിട്ടില്ല. അവരില്‍ രണ്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുമില്ല.
സപ്്തംബര്‍ 10നു കേരളത്തില്‍ നിന്നു ഹൈദരാബാദ് വഴി കശ്മീരില്‍ പോയി എ.കെ. 47 അടക്കമുള്ള എല്ലാ ആധുനികായുധങ്ങളിലും മികച്ച പരിശീലനം നേടി നാലുപേര്‍ മരിക്കുന്നത് ഒക്ടോബര്‍ ഏഴിനും 13നുമിടയ്ക്ക് എന്നാണു തിരക്കഥ. അവര്‍ പാകിസ്താനിലേക്കു പോവുമ്പോഴാണ്, അല്ല തിരിച്ചുവരുമ്പോഴാണ് എന്നു ഫാസിലിന്റെ ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ കണ്ട പോലെ ഇതിനു ദ്വന്ദ്വ സമാപ്തിയുമുണ്ട്. അവരില്‍ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും മതേതരമായ കാരണങ്ങളാല്‍ പരിവര്‍ത്തനം ചെയ്തവരുണ്ട്. ഇതൊക്കെ ശരിയാണോ തെറ്റാണോ എന്നു വ്യക്തമായിട്ടില്ല. കാമറക്കണ്ണുകളും പേനകളും കഥാനിര്‍മാണം നടത്തുന്നത് ഒരു ഗൂഢാലോചനയാണെന്നു പറയാന്‍ പറ്റില്ല. അത് ആലോചന തന്നെയാണ്. വര്‍ഷങ്ങളായി മേലാളവര്‍ഗം കഠിനാധ്വാനം ചെയ്തു വിത്തിറക്കിയതിന്റെ ഫലങ്ങളാണവ. ഉദ്വേഗതയ്ക്കു വേണ്ടിയുള്ള വാര്‍ത്താനിര്‍മാണം നടക്കുന്നുണ്ടാവും. എന്നാല്‍ പൊതുചിന്തയില്‍ മുന്‍ധാരണയും പക്ഷപാതവും പൊതുസ്വഭാവമായതിനാല്‍ മുസ്ലിം അപരനെപ്പറ്റി എന്തും പറയാം. ന്യൂസ്റൂമില്‍ അടുത്തിരിക്കുന്ന മുസ്്ലിം യുവാവോ യുവതിയോ എത്ര പരിഷ്കരിച്ചാലും 'നമ്മില്‍'പ്പെട്ടവനല്ല. അവരുടെ ശീലങ്ങളിലും ശീലുകളിലും അന്തരമുണ്ട്. ബഹുസ്വരതയും നാനാത്വവും പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന പദങ്ങളാണ്. വേറിട്ടുനില്‍ക്കല്‍ കഠിനജോലിയാണ്. പൊതുസമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നാല്‍ എതിര്‍പ്പുകളില്ല.
കശ്മീരില്‍ കൊല്ലപ്പെട്ട സംഭവം തന്നെയെടുക്കുക. അതില്‍ യദൃച്ഛയാ എന്‍.ഡി.എഫുകാരനായ ഒരു യുവാവ് പ്രതിയായി. സമീപകാലത്തായി കേരളത്തില്‍ വലിയ അടിയൊഴുക്കായി മാറിയ ആത്മീയ കൂട്ടായ്മകളില്‍ പെട്ടു (മിടുക്ക•ാരായ പല യുവാക്കളും താടിനീട്ടി പൈജാമ കുറുക്കി ശെയ്ഖിന്റെ ഖബറിടത്തില്‍ ആത്മീയനിര്‍വൃതിക്കായി കുത്തിയിരിക്കുന്നു.) എന്നു കരുതപ്പെടുന്ന അയാള്‍ക്കു കശ്മീരില്‍ നിന്നു സുഹൃത്ത് ഫോണ്‍ ചെയ്തുവത്രെ. അതുമാത്രം. എന്നാല്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട ബാക്കിയെല്ലാവരുടെയും മുന്‍കാല ജീവിതവും പശ്ചാത്തലവും മറ്റു ചില കേന്ദ്രങ്ങളുമായിട്ടാണ് അവര്‍ക്കു ബന്ധമെന്നു വ്യക്തമാക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന മഹദ്കൃത്യമാണു നടക്കുന്നതെങ്കില്‍ ആ വഴിയില്‍ ഏറെ സഞ്ചരിക്കണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത സിമിയെപ്പറ്റി വീണ്ടും നിറംപിടിപ്പിച്ച നുണകള്‍ വാക്കുകളായും ദൃശ്യങ്ങളായും വരുന്നു. കാല്‍നൂറ്റാണ്ടു മുമ്പു സിമിക്കാരായിരുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും ചടങ്ങുകളും നിഗൂഢതയുടെ മൂടല്‍മഞ്ഞില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇടതുരാഷ്ട്രീയത്തിന്റെ പിന്തുണ കിട്ടിയവര്‍ ഇക്കൂട്ടത്തില്‍പ്പെടില്ല. ആത്മീയ കൂട്ടായ്മകള്‍ സൃഷ്ടിക്കുന്ന പ്രസംഗകരും അതില്‍പ്പെടില്ല. തങ്ങള്‍ക്കു വഴങ്ങാത്തവരെയോ തങ്ങളേക്കാള്‍ യുക്തിസഹമായ പ്രത്യയശാസ്ത്രമുള്ളവരെയോ ആണ് ലക്ഷ്യം. 
അന്യവല്‍ക്കരണത്തിന്റെ അപകടങ്ങളെപ്പറ്റി ഇടമുറിയാതെ സംസാരിക്കുന്നവരുടെ ആ മൌനമാണ് അദ്ഭുതകരമായിരിക്കുന്നത്. ഒരു മുസ്ലിംസുഹൃത്തിനും ഹിന്ദുസുഹൃത്തിനും ഒന്നിച്ചൊരു വാര്‍ത്തവായിക്കുകയോ കാണുകയോ ചെയ്യാന്‍പറ്റാത്ത അവസ്ഥ ഉത്തരേന്ത്യയില്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഹിന്ദു അമര്‍ ഉജാല വായിക്കുന്നു; മുസ്ലിം ഉര്‍ദു രാഷ്ട്രീയ സഹാറ വായിക്കുന്നു. അവര്‍ക്കിടയില്‍ പൊതുവായി യാതൊന്നുമില്ല. ആത്വിഫ് അമീന്‍ എന്നു കേട്ടാല്‍ ഹിന്ദുവിനു ഭീകരവാദി, കിശോര്‍കുമാര്‍ എന്നു കേട്ടാല്‍ മുസ്ലിമിനു പോലിസ് ചാരന്‍. രണ്ടുപേരും വ്യത്യസ്തരാവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. വസ്ത്രത്തിലതു കൂടുതലുണ്ട്. മുസ്ലിം താടിരോമങ്ങളുടെ നീളം നോക്കുമ്പോള്‍ ഹിന്ദു നെറ്റിയിലെ തിലകവൈചിത്യ്രങ്ങളില്‍ ശ്രദ്ധിക്കുന്നു. ഒരു ഭാഷ സംസാരിക്കുമെങ്കിലും അവര്‍ക്കൊരേ വാക്കിനു രണ്ടര്‍ഥമാണുള്ളത്. വിഷമയമായ സംശയരോഗത്തിന്റെ കറുത്തപുകയുള്ള അത്തരം അന്തരീക്ഷമാണ് കേരളത്തില്‍ പിണറായി വിജയനും കൃഷ്ണദാസും സ്വയമറിയാതെ എം.കെ. മുനീറും നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വൈക്കിലശ്ശേരിയില്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം 'നാട്ടുകാര്‍' തടഞ്ഞുനിര്‍ത്തിയത്രെ. അവര്‍ മറുഭാഷ സംസാരിക്കുകയും മറുവേഷം ധരിക്കുകയും ചെയ്തതു തന്നെയായിരുന്നു പ്രശ്നം. തിരൂരില്‍ ജാര്‍ഖണ്ഡില്‍ നിന്നു വന്ന രണ്ടു യുവാക്കളായിരുന്നു ഇരകള്‍. അതു ബ്രേക്കിങ് ന്യൂസായി; സ്ഥിരം സ്്ക്രോളിങായി, ഫോളോ അപ്പായി ചത്തൊടുങ്ങുമ്പോള്‍ മറ്റൊരു വിഷജീവി ശീല്‍ക്കാരത്തോടെ തലപൊക്കുന്നു.
കറുത്തവംശജനായ അമേരിക്കന്‍ കവി ലാംഗ്സ്റന്‍ ഹ്യൂസ് ബാല്യകാലത്തില്ലാത്ത മതിലുകള്‍ തനിക്കു ചുറ്റും ഉയരുകയും അതു സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതിനെപ്പറ്റി വിലപിച്ചിട്ടുണ്ട്. സമ്മതിനിര്‍മാണത്തിനനുസരിച്ചാണ് മതിലുകളുടെ ഉയരം കൂടുന്നതെന്നു ഹ്യൂസ് എഴുതിയില്ല. എന്നാല്‍ അതായിരുന്നു സത്യം.
കേരളത്തിലും മതിലുകളുയരുകയാണ്; സമുദായങ്ങള്‍ തലയിടിച്ചു മരിക്കുന്ന മതിലുകള്‍.                   


1 അഭിപ്രായം:

  1. അസീസ്... വാ‍ക്കുകളുടെ ഒരു അനര്‍ഘനിര്‍ഗളമായ പ്രവാഹം ഈ ബ്ലോഗില്‍ കാണുന്നു... കീപ്പിറ്റപ്.
    വിഷയം ഞാനത്ര ഗഹനമായി നോക്കുന്നില്ല... !

    മറുപടിഇല്ലാതാക്കൂ